തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത
കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്
അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍
അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍
പെട്ടവനായിരുന്നു.
അവര്‍ക്ക് ( ആ മര്‍ദ്ദിതര്‍ക്ക് ) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും
ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ
അത് കാണിച്ചുകൊടുക്കുവാനും ( നാം ഉദ്ദേശിക്കുന്നു. )
മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ
കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ
ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക്
തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്.
ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ ( ഈ കുട്ടി.
) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍
ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.
മൂസായുടെ മാതാവിന്‍റെ മനസ്സ് ( അന്യ ചിന്തകളില്‍ നിന്ന് ) ഒഴിവായതായിത്തീര്‍ന്നു.
അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം
അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ
കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ ( നാം അങ്ങനെ ചെയ്തത്. )
അവള്‍ അവന്‍റെ ( മൂസായുടെ ) സഹോദരിയോട് പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി
അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍
അതറിഞ്ഞിരുന്നില്ല.
അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം
തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ ( സഹോദരി ) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി
ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ?
അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.
അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍
ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍
മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍
അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
അങ്ങനെ അദ്ദേഹം ( മൂസാ ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍
അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം
പ്രതിഫലം നല്‍കുന്നത്.
പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ
രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍
പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ
കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട്
സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ
പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും
വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം
ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന്
അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.
അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ
തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു.
മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.
എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം
ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ
എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ
ഉദ്ദേശിക്കുന്നത്. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ
ഉദ്ദേശിക്കുന്നില്ല.
പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ;
മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന
നടത്തികൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ താങ്കള്‍ ( ഈജിപ്തില്‍ നിന്ന് ) പുറത്ത്
പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.
അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം
പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ
രക്ഷപ്പെടുത്തേണമേ.
മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം
കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി.
അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ പറ്റത്തെ ) തടഞ്ഞു
നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു:
എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ ( ആടുകള്‍ക്ക് വെള്ളം
കൊടുത്ത് ) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല.
ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്.
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക് ) വെള്ളം കൊടുത്തു.
പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ
രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍
ആവശ്യക്കാരനാകുന്നു.
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത്
നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി ( ആടുകള്‍ക്ക് ) വെള്ളം
കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ
വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ
അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ
ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു.
ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി
നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും
ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.
അദ്ദേഹം ( പിതാവ് ) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന
വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍
ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്
നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു
ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ
കാണാം.
അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്
അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം
പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു.
അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും
ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം
തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു.
അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്
കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ?
അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ
വലതുഭാഗത്ത് നിന്ന്, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട്
വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.
നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍
അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു
പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ
കൂട്ടത്തിലാകുന്നു.
നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ
വെളുത്തതായി അതുപുറത്ത് വരുന്നതാണ്. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്‍റെ
പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുകയും ചെയ്യുക. അങ്ങനെ അത്
രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്ക് നിന്‍റെ
രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍
ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു.
അതു കൊണ്ട് എന്നോടൊപ്പം എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട് അവനെ നീ
നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചയായും ഞാന്‍
ഭയപ്പെടുന്നു.
അവന്‍ ( അല്ലാഹു ) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക് നാം ബലം
നല്‍കുകയും, നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും
ചെയ്യുന്നതാണ്. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ
ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും
വിജയികള്‍.
അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത്
ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ
മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം
കേട്ടിട്ടുമില്ല.
മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട്
വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക്
അനുകൂലമായിരിക്കുമെന്നും എന്‍റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം
പ്രാപിക്കുകയില്ല; തീര്‍ച്ച.
ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി
ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് ( ഇഷ്ടിക
) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ
ദൈവത്തിങ്കലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം
പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ
കൂട്ടത്തിലായിരിക്കുകയും ചെയ്യും.
പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങള്‍ക്കു ഉള്‍കാഴ്ച നല്‍കുന്ന
തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം വേദഗ്രന്ഥം
നല്‍കുകയുണ്ടായി. അവര്‍ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ.
( നബിയേ, ) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ
മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. ( ആ സംഭവത്തിന് ) സാക്ഷ്യം
വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല.
പക്ഷെ നാം ( പിന്നീട് ) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ
യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു
കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെ
നിയോഗിക്കുന്നവനായിരിക്കുന്നു.
നാം ( മൂസായെ ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ
ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (
ഇതെല്ലാം അറിയിച്ച് തരികയാകുന്നു. ) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും
വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍
ആലോചിച്ച് മനസ്സിലാക്കിയേക്കാം.
തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും
നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ
അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍
സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന് അവര്‍ പറയുകയും
ചെയ്യില്ലായിരുന്നുവെങ്കില്‍ ( നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല. )
എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ് നബി മുഖേന ) അവര്‍ക്ക്
വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്; മൂസായ്ക്ക് നല്‍കപ്പെട്ടത് പോലെയുള്ള
ദൃഷ്ടാന്തങ്ങള്‍ ഇവന്ന് നല്‍കപ്പെടാത്തത് എന്താണ് എന്ന്. എന്നാല്‍ മുമ്പ്
മൂസായ്ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു:
പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ
അവിശ്വസിക്കുന്നവരാണ് എന്നും അവര്‍ പറഞ്ഞു.
( നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം
അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം.
നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ്
അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു
മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍
ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍
വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള
സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍
കീഴ്പെടുന്നവരായിരിക്കുന്നു.
അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി
നല്‍കപ്പെടുന്നതാണ്. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, നാം അവര്‍ക്ക്
നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും.
നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന്
ഞങ്ങള്‍ എടുത്തെറിയപ്പെടും. എന്ന് അവര്‍ പറഞ്ഞു. നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം
അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍
അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ
അത്. പക്ഷെ അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്രരാജ്യങ്ങള്‍ നാം
നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വ്വമായല്ലാതെ
അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി ( അവയുടെ ) അവകാശി.
രാജ്യങ്ങളുടെ കേന്ദ്രത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക്
ഓതികേള്‍പിക്കുന്ന ഒരു ദൂതനെ അയക്കുന്നത് വരേക്കും നിന്‍റെ രക്ഷിതാവ് ആ
രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാര്‍ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം
രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല.
അപ്പോള്‍ നാം ഏതൊരുവന് നല്ലൊരു വാഗ്ദാനം നല്‍കുകയും എന്നിട്ട് അവന്‍ അത് (
നിറവേറിയതായി ) കണ്ടെത്തുകയും ചെയ്തുവോ അവന്‍ ഐഹികജീവിതത്തിന്‍റെ സുഖാനുഭവം നാം
അനുഭവിപ്പിക്കുകയും, പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ( ശിക്ഷയ്ക്ക്
) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ?
അവന്‍ ( അല്ലാഹു ) അവരെ വിളിക്കുകയും, എന്‍റെ പങ്കുകാര്‍ എന്ന് നിങ്ങള്‍
ജല്‍പിച്ചിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ.
)
നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് ( ബഹുദൈവവാദികളോട് ) പറയപ്പെടും.
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ ( പങ്കാളികള്‍ ) ഇവര്‍ക്കു ഉത്തരം
നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം
പ്രാപിച്ചിരുന്നെങ്കില്‍.
അവന്‍ ( അല്ലാഹു ) അവരെ വിളിക്കുകയും, ദൈവദൂതന്‍മാര്‍ക്ക് എന്ത് ഉത്തരമാണ്
നിങ്ങള്‍ നല്‍കിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം.( ശ്രദ്ധേയമാകുന്നു. )
( നബിയേ, ) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ?
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ
ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ്
നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍
കേട്ടുമനസ്സിലാക്കുന്നില്ലേ?
അവന് ( അല്ലാഹു ) അവരെ വിളിക്കുകയും എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ചു
കൊണ്ടിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. )
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ ( അന്ന് ) നാം പുറത്ത് കൊണ്ട്
വരുന്നതാണ്. എന്നിട്ട് ( ആ സമുദായങ്ങളോട് ) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ട്
വരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍
മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും
ചെയ്യും.
തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍
അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും
ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്‍റെ
ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ: ) നീ പുളകം കൊള്ളേണ്ട. പുളകം
കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.
അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍
നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ
ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്.
കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.
ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്.
എന്നാല്‍ അവന്നു മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍
സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍
മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട്
അന്വേഷിക്കപ്പെടുന്നതല്ല.
അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം
ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത്
പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും
അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!
അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍
അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം
രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.
ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ ( ഇന്ന് ) ഇപ്രകാരം
പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍
ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, ( താന്‍
ഉദ്ദേശിക്കുന്നവര്‍ക്ക് അതു ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു
ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ,
കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.
തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട
സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും. പറയുക: സന്‍മാര്‍ഗവും
കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത് ആരെന്നും എന്‍റെ
രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്.
നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്‍റെ
രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( അതു ലഭിച്ചു ) ആകയാല്‍ നീ
സത്യനിഷേധികള്‍ക്കു സഹായിയായിരിക്കരുത്.
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ
അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ
ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്.
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും
ചെയ്യരുത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ
വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ
നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.