അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്‍റെ
രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക് മുമ്പ് ഒരു താക്കീതുകാരനും
വന്നിട്ടില്ലാത്ത ഒരു ജനതക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ അത്. അവര്‍
സന്‍മാര്‍ഗം പ്രാപിച്ചേക്കാം.
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ ( ഘട്ടങ്ങളില്‍ )
സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ
നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍
ആലോചിച്ച് ഗ്രഹിക്കുന്നില്ലേ?
അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു.
പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍
കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്.
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും
ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും
ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ച് അപ്രത്യക്ഷരായാല്‍
പോലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവര്‍ തങ്ങളുടെ രക്ഷിതാവിനെ
കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു.
( നബിയേ, ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക്
നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്
മടക്കപ്പെടുന്നതുമാണ്.
കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട,് ഞങ്ങളുടെ
രക്ഷിതാവേ, ഞങ്ങളിതാ ( നേരില്‍ ) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു.
അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച്
കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന
സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ ( അതെന്തൊരു കാഴ്ചയായിരിക്കും! )
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം
നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്
ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്
സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്‍റെ
ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ച് കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം
മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച് ക്കൊണ്ടിരുന്നതിന്‍റെ ഫലമായി
ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം
പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട്
പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല.
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി,
കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്.
അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.
എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന്
പുറത്ത് കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവര്‍
തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ
ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.
തീര്‍ച്ചയായും മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുണ്ട്. അതിനാല്‍ അത്
കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്. ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അതിനെ
മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു.
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി
വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച്
മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.
ഇവര്‍ക്ക് മുമ്പ് നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട്. എന്ന വസ്തുത
ഇവര്‍ക്ക് നേര്‍വഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ച്
കൊണ്ടിരിക്കുന്നല്ലോ. തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍
കേട്ട് മനസ്സിലാക്കുന്നില്ലേ?
വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടുചെല്ലുകയും, അത് മൂലം ഇവരുടെ
കന്നുകാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്‍പാദിപ്പിക്കുകയും
ചെയ്യുന്നു എന്ന് ഇവര്‍ കണ്ടില്ലേ? എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?
( നബിയേ, ) പറയുക: അവിശ്വസിച്ചിരുന്ന ആളുകള്‍ക്ക് ആ തീരുമാനത്തിന്‍റെ ദിവസം
തങ്ങള്‍ വിശ്വസിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല. അവര്‍ക്ക് അവധി
നല്‍കപ്പെടുകയുമില്ല.