അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം
ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത്
അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും
പാതകമാകുന്നു.
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍
ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ
മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ )
നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം
കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ
സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍
അനുയോജ്യമായിട്ടുള്ളത്.
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക.
ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത്
സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.
അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള
നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്.
എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും,
അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക.
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍
നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക്
വിട്ടുകൊടുക്കുക. അവര്‍ ( അനാഥകള്‍ ) വലുതാകുമെന്നത് കണ്ട് അമിതമായും
ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി ( അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന )
വല്ലവനും കഴിവുള്ളവനാണെങ്കില്‍ ( അതില്‍ നിന്നു എടുക്കാതെ ) മാന്യത
പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം
അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍
അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന്
സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക്
ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍
സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. ( ആ ധനം ) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത്
നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.
തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ ( അവരുടെ
ഗതിയെന്താകുമെന്ന് ) ഭയപ്പെടുന്നവര്‍ ( അതേവിധം മറ്റുള്ളവരുടെ മക്കളുടെ
കാര്യത്തില്‍ ) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ
വാക്ക് പറയുകയും ചെയ്യട്ടെ.
തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍
തിന്നു ( നിറക്കു ) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍
കത്തിഎരിയുന്നതുമാണ്.
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു;
ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം
പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍
രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്
പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍
ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം
ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍
അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം
ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്
ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും
കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ
മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന്
നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണയമാണിത്.
തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ
ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന
സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും.
അതത്രെ മഹത്തായ വിജയം.
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍
സാക്ഷികളായി നിങ്ങളില്‍ നിന്ന് നാലുപേരെ നിങ്ങള്‍ കൊണ്ട് വരുവിന്‍. അങ്ങനെ അവര്‍
സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ
മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ.
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍
പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി
നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക.
തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം
തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്
മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു
എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം
ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും
ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല.
അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍
നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് ( ഭാര്യമാര്‍ക്ക് ) നിങ്ങള്‍
കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ
മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും
ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി
നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം ( നിങ്ങള്‍ മനസ്സിലാക്കുക ) നിങ്ങളൊരു
കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും
ചെയ്തെന്ന് വരാം.
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ
കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍
തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം
ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?
നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്; മുമ്പ്
ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും
ദുഷിച്ച മാര്‍ഗവുമാകുന്നു.
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍,
മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള
നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ ( അവരെ വിവാഹം
ചെയ്യല്‍ ) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍
ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ
സംരക്ഷണത്തിലുള്ള വളര്‍ത്ത് പുത്രിമാരും ( അവരെ വിവാഹം ചെയ്യുന്നതും
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു ). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍
ഏര്‍പെട്ടിട്ടില്ലെങ്കില്‍ ( അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ ) നിങ്ങള്‍ക്കു
കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (
നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) രണ്ടുസഹോദരിമാരെ ഒന്നിച്ച്
ഭാര്യമാരാക്കുന്നതും ( നിഷിദ്ധമാകുന്നു. ) മുമ്പ് ചെയ്ത് പോയതൊഴികെ.
തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങള്‍ക്ക്
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (
അടിമസ്ത്രീകള്‍ ) ഒഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമത്രെ ഇത്.
അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നല്‍കിക്കൊണ്ട്
നിങ്ങള്‍ ( വിവാഹബന്ധം ) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി
ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍
അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്.
ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട്
വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. തീര്‍ച്ചയായും
അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍
സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ
ദാസിമാരില്‍ ആരെയെങ്കിലും ( ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്. ) അല്ലാഹുവാകുന്നു
നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍
നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ ( ആ ദാസിമാരെ ) അവരുടെ രക്ഷാകര്‍ത്താക്കളുടെ
അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും
രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍
വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍
ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ
അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ ( വിവാഹം കഴിച്ചില്ലെങ്കില്‍ )
വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്. ( അടിമസ്ത്രീകളെ ഭാര്യമാരായി
സ്വീകരിക്കാനുള്ള അനുവാദം. ) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു
നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
നിങ്ങള്‍ക്ക് ( കാര്യങ്ങള്‍ ) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്‍ഗാമികളുടെ നല്ല
നടപടികള്‍ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും,
അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു
മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത്
തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും
അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം
നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു
സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട്
നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി
അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്.
അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക.
തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ
സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള്‍ ബന്ധം
സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു
എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു.
പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു
വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (
പുരുഷന്‍മാര്‍ ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍
അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്‍മാരുടെ ) അഭാവത്തില്‍ (
സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട്
കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക.
കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക.
എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു
മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.
ഇനി, അവര്‍ ( ദമ്പതിമാര്‍ ) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന
പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍
നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ്
ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്.
തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും,
തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും
ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം
ഒരുക്കിവെച്ചിരിക്കുന്നത്.
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ
അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ
കൂട്ടാളിയാകുന്നതെങ്കില്‍ അവന്‍ എത്ര ദുഷിച്ച ഒരു കൂട്ടുകാരന്‍!
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്‍ക്ക്
നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല്‍ അവര്‍ക്കെന്തൊരു
ദോഷമാണുള്ളത്? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു.
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല
നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍
നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്.
എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും
ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍
എന്തായിരിക്കും അവസ്ഥ!
അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവര്‍ ആ ദിവസം കൊതിച്ചു പോകും; അവരെ
മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നു വെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്.
ഒരു വിവരവും അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ഒളിച്ചു വെക്കാനാവില്ല.
വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍
ദുര്‍മാര്‍ഗം വിലയ്ക്ക് വാങ്ങുകയും, നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്ന്
ആഗ്രഹിക്കുകയും ചെയ്യുന്നു.
യഹൂദരില്‍ പെട്ടവരത്രെ ( ആ ശത്രുക്കള്‍. ) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച്
പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ്
കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍
പറയുന്നു. സമിഅ്നാ വഅത്വഅ്നാ ( ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും
ചെയ്തിരിക്കുന്നു ) എന്നും ഇസ്മഅ് ( കേള്‍ക്കണേ ) എന്നും ഉന്‍ളുര്‍നാ ( ഞങ്ങളെ
ഗൌനിക്കണേ ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും
വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ
ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ
സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില
മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട് അവയെ പിന്‍വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി,
അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും
ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന
പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല.
അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍
പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും
ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവന്‍
ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി
കാണിക്കപ്പെടുന്നതല്ല.
വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര
വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍
പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്.
അതല്ല, അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക്
നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം
കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ
ആധിപത്യവും നല്‍കിയിട്ടുണ്ട്.
അതില്‍ വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. അതില്‍ നിന്ന് പിന്തിരിഞ്ഞ
വിഭാഗവും അവരിലുണ്ട്. ( അവര്‍ക്ക് ) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്
കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ
തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍
വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത്
കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്.
അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും.
സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
അല്ലാഹു അവതരിപ്പിച്ചതിലേക്കും ( അവന്‍റെ ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന്
അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ്
പോകുന്നത് നിനക്ക് കാണാം.
എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും
ബാധിക്കുകയും, അനന്തരം അവര്‍ നിന്‍റെ അടുത്ത് വന്ന് അല്ലാഹുവിന്‍റെ പേരില്‍ സത്യം
ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്‍മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും
ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ
കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി
പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി
സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.
നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം
അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം പേരൊഴികെ അത്
ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍
പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും ( സന്‍മാര്‍ഗത്തില്‍
) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ മടിച്ച് പിന്നോക്കം നില്‍ക്കുന്നവനുണ്ട്.
അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍, ഞാന്‍ അവരോടൊപ്പം (
യുദ്ധത്തിന് ) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം
ചെയ്തിരിക്കുകയാണ് എന്നായിരിക്കും അവന്‍ പറയുക.
നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ,
നിങ്ങളും അവനും തമ്മില്‍ യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില്‍ അവന്‍
പറയും; ( ഹാ കഷ്ടമായി! ) ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര
നന്നായിരുന്നേനെ. എങ്കില്‍ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ
മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം
ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം
നല്‍കുന്നതാണ്.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?
ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ
നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു
സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന്
പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും ( നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം
ചെയ്തു കൂടാ? )
വിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ,
ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്‍റെ
മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ
കുതന്ത്രം ദുര്‍ബലമാകുന്നു.
( യുദ്ധത്തിനുപോകാതെ ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ
നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന്
നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം
നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും
പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ,
നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്? അടുത്ത ഒരു
അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍
പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത
പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി
കാണിക്കപ്പെടുകയുമില്ല.
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി
കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. ( നബിയേ, ) അവര്‍ക്ക്
വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന്
ലഭിച്ചതാണ് എന്ന്. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് നീ
കാരണം ഉണ്ടായതാണ് എന്ന്.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്.
അപ്പോള്‍ ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍
ഭാവമില്ല.
നന്‍മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍
നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ
ഉണ്ടാകുന്നതാണ്. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്
നിയോഗിച്ചിരിക്കുന്നത്.( അതിന് ) സാക്ഷിയായി അല്ലാഹു മതി.
അവര്‍ പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര്‍ നിന്‍റെ
അടുക്കല്‍ നിന്ന് പുറത്ത് പോയാല്‍ അവരില്‍ ഒരു വിഭാഗം തങ്ങള്‍ പുറത്ത്
പറയുന്നതിന് വിപരീതമായി രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു. അവര്‍ രാത്രി ഗൂഢാലോചന
നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ നീ അവരെ
വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്‍പിക്കുക.
ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു മതി.
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍
നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
എന്നാല്‍( നബിയേ, ) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക.
നിന്‍റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍
നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു
തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി
ശിക്ഷിക്കുന്നവനുമാകുന്നു.
വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക്
അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന്
ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം
വഹിക്കുന്നവനാകുന്നു.
അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തേക്ക്
അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല.
അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്?
എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്?
അവര്‍ സമ്പാദിച്ചുണ്ടാക്കിയത് ( തിന്‍മ ) കാരണം അല്ലാഹു അവരെ തലതിരിച്ചു
വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍
ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും
നീ കണ്ടെത്തുന്നതല്ല.
അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം
ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്
നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്
കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്
നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും
സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്.
നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന്
നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം
ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു
ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും,
നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട്
യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ
സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു
മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം
ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു.
കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി
വീഴുന്നു. എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ
മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത
പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍
കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ
ന്യായം നല്‍കിയിരിക്കുന്നു.
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള
പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു
കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി
അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ (
ശത്രു ആരെന്നും മിത്രം ആരെന്നും ) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം.
നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്.
ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് ( നിങ്ങളങ്ങനെ പറയുന്നത്. ) എന്നാല്‍
നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്. മുമ്പ്
നിങ്ങളും അത് പോലെ ( അവിശ്വാസത്തില്‍ ) ആയിരുന്നല്ലോ. അനന്തരം അല്ലാഹു
നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ ( കാര്യങ്ങള്‍ ) വ്യക്തമായി (
അന്വേഷിച്ച് ) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
ന്യായമായ വിഷമമില്ലാതെ ( യുദ്ധത്തിന് പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും,
തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം
ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം
ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു.
എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍
സമരത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു
മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും
കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും
കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍
ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്‍റെ
വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ
ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം ( വഴി മദ്ധ്യേ ) മരണമവനെ പിടികൂടുകയും
ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു.
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം
വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍
നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ
ശത്രുക്കളാകുന്നു.
( നബിയേ, ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം
നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്‍റെ
കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍
സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും,
നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും
ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും
ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും
നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി
നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം
നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ
ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക
തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ
ഒരുക്കിവെച്ചിട്ടുണ്ട്.
അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും
കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുക. സമാധാനാവസ്ഥയിലായാല്‍ നിങ്ങള്‍ നമസ്കാരം
മുറപ്രകാരം തന്നെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക്
സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു.
ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്.
നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത്
പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക്
പ്രതീക്ഷിക്കാനില്ലാത്തത് ( അനുഗ്രഹം ) അല്ലാഹുവിങ്കല്‍ നിന്ന്
പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ
വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം
അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി
വാദിക്കുന്നവനാകരുത്.
അവര്‍ ജനങ്ങളില്‍ നിന്ന് ( കാര്യങ്ങള്‍ ) ഒളിച്ചു വെക്കുന്നു. എന്നാല്‍
അല്ലാഹുവില്‍ നിന്ന് ( ഒന്നും ) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു
ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന
നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍
പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട്
തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍
ആരാണുണ്ടായിരിക്കുക?
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം
പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.
വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ്
അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു
നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു
കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍
ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (
വാസ്തവത്തില്‍ ) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു
ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച്
തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ
മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു.
അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മ്മവും
ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ
കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്‍റെ പൊരുത്തം
തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം
നല്‍കുന്നതാണ്.
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി
എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും
ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും,
നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!