നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (
ദേവതകള്‍. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും
മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക്
തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും
ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക്
( ശുപാര്‍ശയ്ക്ക് ) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.
അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു
പിന്തുടരുന്നത്. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം
ചെയ്യുകയില്ല.
അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ
പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍
വേണ്ടിയത്രെ അത്. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം
നല്‍കുവാന്‍ വേണ്ടിയും.
അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും
വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി
പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ
സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍
ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍
അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത
പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.