« Prev

35. Surah Fâtir or Al­Malâ'ikah سورة فاطر

Next »



First Ayah   1   الأية الأولي
بِسْم ِ اللَّهِ الرَّحْمَٰنِ الرَّحِيمِ
الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
Malayalam
 
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്‌ സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

Ayah   35:2   الأية
مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ ۚ وَهُوَ الْعَزِيزُ الْحَكِيمُ
Malayalam
 
അല്ലാഹു മനുഷ്യര്‍ക്ക്‌ വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത്‌ പിടിച്ച്‌ വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച്‌ വെക്കുന്ന പക്ഷം അതിന്‌ ശേഷം അത്‌ വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.

Ayah   35:3   الأية
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
Malayalam
 
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത്‌ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്‌?

Ayah   35:4   الأية
وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ
Malayalam
 
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവിങ്കലേക്കാണ്‌ കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.

Ayah   35:5   الأية
يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ
Malayalam
 
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച്‌ കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.

Ayah   35:6   الأية
إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ
Malayalam
 
തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത്‌ അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌.

Ayah   35:7   الأية
الَّذِينَ كَفَرُوا لَهُمْ عَذَابٌ شَدِيدٌ ۖ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
Malayalam
 
അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

Ayah   35:8   الأية
أَفَمَن زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ۖ فَإِنَّ اللَّهَ يُضِلُّ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ
Malayalam
 
എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.

Ayah   35:9   الأية
وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَابًا فَسُقْنَاهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ النُّشُورُ
Malayalam
 
അല്ലാഹുവാണ്‌ കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക്‌ നാം തെളിച്ചുകൊണ്ട്‌ പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌.

Ayah   35:10   الأية
مَن كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ ۚ وَالَّذِينَ يَمْكُرُونَ السَّيِّئَاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُولَٰئِكَ هُوَ يَبُورُ
Malayalam
 
ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ്‌ ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്‌. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക്‌ കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.

Ayah   35:11   الأية
وَاللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَاجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِ إِلَّا فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
Malayalam
 
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട്‌ ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ്‌ നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ്‌ നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ്‌ വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത്‌ അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ളതാകുന്നു.

Ayah   35:12   الأية
وَمَا يَسْتَوِي الْبَحْرَانِ هَٰذَا عَذْبٌ فُرَاتٌ سَائِغٌ شَرَابُهُ وَهَٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى الْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
Malayalam
 
രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന്‌ കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന്‌ കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പുത്തന്‍മാംസം എടുത്ത്‌ തിന്നുന്നു. നിങ്ങള്‍ക്ക്‌ ധരിക്കുവാനുള്ള ആഭരണം (അതില്‍ നിന്ന്‌) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക്‌ കാണാം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്‌.

Ayah   35:13   الأية
يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ
Malayalam
 
രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.

Ayah   35:14   الأية
إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
Malayalam
 
നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല.

Ayah   35:15   الأية
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ
Malayalam
 
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.

Ayah   35:16   الأية
إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
Malayalam
 
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌.

Ayah   35:17   الأية
وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ
Malayalam
 
അത്‌ അല്ലാഹുവിന്‌ പ്രയാസമുള്ള കാര്യമല്ല.

Ayah   35:18   الأية
وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَيْءٌ وَلَوْ كَانَ ذَا قُرْبَىٰ ۗ إِنَّمَا تُنذِرُ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ وَأَقَامُوا الصَّلَاةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِ ۚ وَإِلَى اللَّهِ الْمَصِيرُ
Malayalam
 
പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട്‌ ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട്‌ താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന്‌ ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമേ നിന്‍റെ താക്കീത്‌ ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ്‌ അവന്‍ വിശുദ്ധി പാലിക്കുന്നത.്‌ അല്ലാഹുവിങ്കലേക്കാണ്‌ മടക്കം.പ

Ayah   35:19   الأية
وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ
Malayalam
 
അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.

Ayah   35:20   الأية
وَلَا الظُّلُمَاتُ وَلَا النُّورُ
Malayalam
 
ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.)

Ayah   35:21   الأية
وَلَا الظِّلُّ وَلَا الْحَرُورُ
Malayalam
 
തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.)

Ayah   35:22   الأية
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ
Malayalam
 
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.

Ayah   35:23   الأية
إِنْ أَنتَ إِلَّا نَذِيرٌ
Malayalam
 
നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.

Ayah   35:24   الأية
إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
Malayalam
 
തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത്‌ സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.

Ayah   35:25   الأية
وَإِن يُكَذِّبُوكَ فَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ وَبِالزُّبُرِ وَبِالْكِتَابِ الْمُنِيرِ
Malayalam
 
അവര്‍ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കില്‍ അവര്‍ക്ക്‌ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അവരിലേക്കുള്ള ദൂതന്‍മാര്‍ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നല്‍കുന്ന ഗ്രന്ഥവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി.

Ayah   35:26   الأية
ثُمَّ أَخَذْتُ الَّذِينَ كَفَرُوا ۖ فَكَيْفَ كَانَ نَكِيرِ
Malayalam
 
പിന്നീട്‌ നിഷേധിച്ചവരെ ഞാന്‍ പിടികൂടി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!

Ayah   35:27   الأية
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَا ۚ وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ
Malayalam
 
നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.

Ayah   35:28   الأية
وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَٰلِكَ ۗ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّهَ عَزِيزٌ غَفُورٌ
Malayalam
 
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

Ayah   35:29   الأية
إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ
Malayalam
 
തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത്‌ ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.

Ayah   35:30   الأية
لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ
Malayalam
 
അവര്‍ക്ക്‌ അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവന്‍ അവര്‍ക്ക്‌ കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.

Ayah   35:31   الأية
وَالَّذِي أَوْحَيْنَا إِلَيْكَ مِنَ الْكِتَابِ هُوَ الْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ اللَّهَ بِعِبَادِهِ لَخَبِيرٌ بَصِيرٌ
Malayalam
 
നിനക്ക്‌ നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

Ayah   35:32   الأية
ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ
Malayalam
 
പിന്നീട്‌ നമ്മുടെ ദാസന്‍മാരില്‍ നിന്ന്‌ നാം തെരഞ്ഞെടുത്തവര്‍ക്ക്‌ നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട്‌ അന്യായം ചെയ്തവരുണ്ട്‌. മദ്ധ്യനിലപാടുകാരും അവരിലുണ്ട്‌. അല്ലാഹുവിന്‍റെ അനുമതിയോടെ നന്‍മകളില്‍ മുങ്കടന്നവരും അവരിലുണ്ട്‌. അതു തന്നെയാണ്‌ മഹത്തായ അനുഗ്രഹം.

Ayah   35:33   الأية
جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
Malayalam
 
സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളില്‍ അവര്‍ പ്രവേശിക്കുന്നതാണ്‌. സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അവര്‍ക്ക്‌ അവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

Ayah   35:34   الأية
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
Malayalam
 
അവര്‍ പറയും: ഞങ്ങളില്‍ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന്‌ സ്തുതി. തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ.

Ayah   35:35   الأية
الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِن فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ
Malayalam
 
തന്‍റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തില്‍ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവന്‍. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയില്ല.

Ayah   35:36   الأية
وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ
Malayalam
 
അവിശ്വസിച്ചവരാരോ അവര്‍ക്കാണ്‌ നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും അവര്‍ക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.

Ayah   35:37   الأية
وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ
Malayalam
 
അവര്‍ അവിടെ വെച്ച്‌ മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന്‌ വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. ( അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന്‌ ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക്‌ നാം ആയുസ്സ്‌ തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത്‌ വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക്‌ യാതൊരു സഹായിയുമില്ല.

Ayah   35:38   الأية
إِنَّ اللَّهَ عَالِمُ غَيْبِ السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
Malayalam
 
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.

Ayah   35:39   الأية
هُوَ الَّذِي جَعَلَكُمْ خَلَائِفَ فِي الْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُ ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ إِلَّا خَسَارًا
Malayalam
 
അവനാണ്‌ നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയവന്‍. ആകയാല്‍ വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവന്‍റെ അവിശ്വാസത്തിന്‍റെ ദോഷം അവന്ന്‌ തന്നെ. അവിശ്വാസികള്‍ക്ക്‌ അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കല്‍ കോപമല്ലാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. അവിശ്വാസികള്‍ക്ക്‌ അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല.

Ayah   35:40   الأية
قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ أَمْ آتَيْنَاهُمْ كِتَابًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ الظَّالِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا
Malayalam
 
നീ പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക്‌ വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക്‌ വല്ല ഗ്രന്ഥവും നല്‍കിയിട്ട്‌ അതില്‍ നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്‌? അല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത്‌ വഞ്ചന മാത്രമാകുന്നു.

Ayah   35:41   الأية
إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا
Malayalam
 
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

Ayah   35:42   الأية
وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِن جَاءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى الْأُمَمِ ۖ فَلَمَّا جَاءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا
Malayalam
 
തങ്ങളുടെ അടുത്ത്‌ ഒരു താക്കീതുകാരന്‍ വരുന്ന പക്ഷം തങ്ങള്‍ ഏതൊരു സമുദായത്തെക്കാളും സന്‍മാര്‍ഗം സ്വീകരിക്കുന്നവരാകാമെന്ന്‌ അവരെക്കൊണ്ട്‌ സത്യം ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ പറഞ്ഞു. എന്നാല്‍ ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത്‌ വന്നപ്പോള്‍ അത്‌ അവര്‍ക്ക്‌ അകല്‍ച്ച മാത്രമേ വര്‍ദ്ധിപ്പിച്ചുള്ളൂ.

Ayah   35:43   الأية
اسْتِكْبَارًا فِي الْأَرْضِ وَمَكْرَ السَّيِّئِ ۚ وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ الْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ اللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ اللَّهِ تَحْوِيلًا
Malayalam
 
ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു നടക്കുകയും, ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്യുന്നതിനാലാണ്‌ അത്‌. ദുഷിച്ച തന്ത്രം (അതിന്‍റെ ഫലം) അത്‌ പ്രയോഗിച്ചവരില്‍ തന്നെയാണ്‌ വന്നുഭവിക്കുക. അപ്പോള്‍ പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ ഉണ്ടായ നടപടിക്രമമല്ലാതെ എന്താണവര്‍ കാത്തിരിക്കുന്നത്‌? അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

Ayah   35:44   الأية
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ اللَّهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا
Malayalam
 
അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കിയില്ലേ? അവര്‍ ഇവരെക്കാള്‍ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.

Ayah   35:45   الأية
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّهَ كَانَ بِعِبَادِهِ بَصِيرًا
Malayalam
 
അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച്‌ ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത്‌ ഒരു ജന്തുവെയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക്‌ രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
 


© EsinIslam.Com Designed & produced by The Awqaf London. Please pray for us