മൂസാ തന്‍റെ കുടുംബത്തോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ ഒരു തീ
കണ്ടിരിക്കുന്നു. അതിന്‍റെ അടുത്ത് നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വല്ല വിവരവും
കൊണ്ട് വരാം. അല്ലെങ്കില്‍ അതില്‍ നിന്ന് ഒരു തീ നാളം കൊളുത്തി എടുത്ത് ഞാന്‍
നിങ്ങള്‍ക്ക് കൊണ്ട് വരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു;
തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ
അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.
നീ നിന്‍റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത്
കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. അല്ലാഹു
പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്. ദൂതന്‍മാര്‍ എന്‍റെ അടുക്കല്‍
പേടിക്കേണ്ടതില്ല; തീര്‍ച്ച.
പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട് തിന്‍മയ്ക്ക് ശേഷം നന്‍മയെ
പകരം കൊണ്ട് വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.
നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ
വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്ത് വരും. ഫിര്‍ഔന്‍റെയും അവന്‍റെ
ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ. തീര്‍ച്ചയായും
അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും
മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോള്‍ ആ കുഴപ്പക്കാരുടെ പര്യവസാനം
എങ്ങനെയായിരുന്നു എന്ന് നോക്കുക.
ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ
ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി
എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു.
സുലൈമാന്‍ ദാവൂദിന്‍റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ
നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക്
നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ
അനുഗ്രഹം.
അപ്പോള്‍ അതിന്‍റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്‍റെ
രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ
അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും
എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ
ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.
അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു; എന്തുപറ്റി?
മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടു പോയ കൂട്ടത്തിലാണോ?
എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു:
താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി
മനസ്സിലാക്കിയിട്ടുണ്ട്. സബഇല്‍ നിന്ന് യഥാര്‍ത്ഥമായ ഒരു വാര്‍ത്തയും കൊണ്ടാണ്
ഞാന്‍ വന്നിരിക്കുന്നത്.
ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍
നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു
സിംഹാസനവുമുണ്ട്.
അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ്
ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി
തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു.
അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല.
ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും, നിങ്ങള്‍
രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍
പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി ( പിശാച് അങ്ങനെ ചെയ്യുന്നു. )
അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എന്‍റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക്
നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു
കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍.
അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ
നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്‍മാരാക്കുകയും
ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അങ്ങനെ അവന്‍ ( ദൂതന്‍ ) സുലൈമാന്‍റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു:
നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു
നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷെ,
നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു.
നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക്
നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും,
നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും
ചെയ്യുന്നതാണ്.
അദ്ദേഹം ( സുലൈമാന്‍ ) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട്
എന്‍റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക്
കൊണ്ടു വന്ന് തരിക.?
ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍
നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം.
തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.
വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി
താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന്
തരാം. അങ്ങനെ അത് ( സിംഹാസനം ) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍
അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ
പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു
ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു
അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും
എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു.
അദ്ദേഹം ( സുലൈമാന്‍ ) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത
വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമോ, അതല്ല അവള്‍
യാഥാര്‍ത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം.
അങ്ങനെ അവള്‍ വന്നപ്പോള്‍ ( അവളോട് ) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതു
പോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ
ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്ലിംകളാവുകയും ചെയ്തിരുന്നു.
കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു
കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്‍റെ കണങ്കാലുകളില്‍ നിന്ന്
വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികകഷ്ണങ്ങള്‍
പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍
എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ
അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.
നിങ്ങള്‍ അല്ലാഹുവെ ( മാത്രം ) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ്
സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ
അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു.
അവര്‍ പറഞ്ഞു: നീ മൂലവും, നിന്‍റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍
ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍
രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ ( ദൈവികമായ ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു
ജനതയാകുന്നു.
അവനെ ( സ്വാലിഹിനെ ) യും അവന്‍റെ ആളുകളെയും നമുക്ക് രാത്രിയില്‍ കൊന്നുകളയണമെന്നും
പിന്നീട് അവന്‍റെ അവകാശിയോട്, തന്‍റെ ആളുകളുടെ നാശത്തിന് ഞങ്ങള്‍ സാക്ഷ്യം
വഹിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു എന്ന് നാം
പറയണമെന്നും നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യണം എന്ന് അവര്‍ തമ്മില്‍
പറഞ്ഞുറച്ചു.
അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവരുടെ വീടുകളതാ ( ശൂന്യമായി )
വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍
ദൃഷ്ടാന്തമുണ്ട്.
ലൂത്വിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍
ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു
അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി;
അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ
കണക്കാക്കിയത്.
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം
ചൊരിഞ്ഞുതരികയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ! ) എന്നിട്ട് അത് ( വെള്ളം )
മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ
വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം
വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന്
ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍
ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം
മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം
നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ( അതല്ല,
അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ
നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും
ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? ( അതല്ല, അവരുടെ
ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ( നബിയേ, ) പറയുക: നിങ്ങള്‍
സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ട് വരിക.