തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍
അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര
ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന്
നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) എല്ലാം
കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക്
മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും
നിങ്ങള്‍ സ്വീകരിക്കരുത് എന്ന് ( അനുശാസിക്കുന്ന വേദഗ്രന്ഥം ).
ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി
നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം
കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്.
അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച ( ശിക്ഷയുടെ )
സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം
അയക്കുന്നതാണ്. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ ( നിങ്ങളെ ) തെരഞ്ഞു നടക്കും.
അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.
പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു. സ്വത്തുക്കളും
സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍
സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.
നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്
നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ തിന്‍മ
പ്രവര്‍ത്തിക്കുകയാണെങ്കില്‍ ( അതിന്‍റെ ദോഷവും ) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ ( ആ
രണ്ട് സന്ദര്‍ഭങ്ങളില്‍ ) അവസാനത്തേതിന് നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാല്‍
നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത്
പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത് കളയുവാനും ( നാം
ശത്രുക്കളെ നിയോഗിക്കുന്നതാണ്. )
നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍
ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്. നരകത്തെ നാം
സത്യനിഷേധികള്‍ക്ക് ഒരു തടവറ ആക്കിയിരിക്കുന്നു.
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും,
സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട്
എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന്
വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന
ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം
നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള
അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍
മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി
പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും.
വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്
അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം
തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന
യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (
ആരെയും ) ശിക്ഷിക്കുന്നതുമല്ല.
ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ
സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ ( അത് വകവെക്കാതെ ) അവര്‍
അവിടെ താന്തോന്നിത്തം നടത്തും. ( ശിക്ഷയെപ്പറ്റിയുള്ള ) വാക്ക് അങ്ങനെ അതിന്‍റെ
(രാജ്യത്തിന്‍റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും
ചെയ്യുന്നതാണ്.
നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! തന്‍റെ ദാസന്‍മാരുടെ
പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ്
തന്നെ മതി.
ക്ഷണികമായതിനെ ( ഇഹലോകത്തെ ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്
അഥവാ ( അവരില്‍ നിന്ന് ) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ
വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന്
നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍
അതില്‍ കടന്നെരിയുന്നതാണ്.
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി
അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം
പ്രതിഫലാര്‍ഹമായിരിക്കും.
ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ ( ഇവിടെ വെച്ച് ) നാം
സഹായിക്കുന്നതാണ്. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്. നിന്‍റെ
രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല.
നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത്
എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ
ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു.
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും
നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍
രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം
പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ
ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും
ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ
പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.
നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്.
നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക്
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട്
നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൌമ്യമായ വാക്ക്
പറഞ്ഞ് കൊള്ളുക
നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് ( കൈ )
മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും
കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.
ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ്
അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും
ഭീമമായ അപരാധമാകുന്നു.
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്.
അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (
പ്രതികാരം ചെയ്യാന്‍ ) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍
അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ
സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും
കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.
നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ
തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും
അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും.
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്.
തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം
ചെയ്യപ്പെടുന്നതാണ്.
നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്.
അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. എങ്കില്‍
ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്.
എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും,
അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ?
തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്.
അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം ( കാര്യങ്ങള്‍ )
വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച
വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് ( അവന്‍റെ ) പരിശുദ്ധിയെ
പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല.
തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.
അവരത് ഗ്രഹിക്കുന്നതിന് ( തടസ്സമായി ) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍
വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്. ഖുര്‍ആന്‍
പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍
വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്.
നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍
ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍
സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍
പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന
സന്ദര്‍ഭവും ( നമുക്ക് നല്ലവണ്ണം അറിയാം. )
അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു
സൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോള്‍,
ആരാണ് ഞങ്ങളെ ( ജീവിതത്തിലേക്ക് ) തിരിച്ച് കൊണ്ട് വരിക? എന്ന് അവര്‍
പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍
നിന്‍റെ നേരെ ( നോക്കിയിട്ട് ) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും
അത് ? നീ പറയുക അത് അടുത്ത് തന്നെ ആയേക്കാം.
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം
നല്‍കുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക് ) വളരെ കുറച്ച് മാത്രമേ നിങ്ങള്‍
കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍
ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍
ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി
നിന്നെ നാം നിയോഗിച്ചിട്ടില്ല.
നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം
അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം
ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും
ചെയ്തിരിക്കുന്നു.
( നബിയേ, ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ( ദൈവങ്ങളെന്ന് ) വാദിച്ച്
പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (
നിങ്ങളുടെ സ്ഥിതിക്ക് ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ
രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ
കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ ( അപ്രകാരം തേടുന്നു. ) അവര്‍
അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ
രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ
അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്
ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.
നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍
അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ്
സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി.
എന്നിട്ട് അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍
മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന് നാം
നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്. നിനക്ക് നാം കാണിച്ചുതന്ന ആ
ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്. ഖുര്‍ആനിലെ
ശപിക്കപ്പെട്ട വൃക്ഷത്തേയും ( ഒരു പരീക്ഷണമാക്കിയിരിക്കുന്നു. ) നാം അവരെ
ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക്
വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്.
നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (
ശ്രദ്ധേയമാകുന്നു. ) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ
കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ?
അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ.
തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന
പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക
തന്നെ ചെയ്യും.
അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ
പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ;
തികഞ്ഞ പ്രതിഫലം തന്നെ.
അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട്
കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ
വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം
പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച്
അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.
നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി കടലിലൂടെ കപ്പല്‍
ഓടിക്കുന്നവനാകുന്നു.അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട്
വരുന്നതിന് വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ നിങ്ങളോട് ഏറെ
കരുണയുള്ളവനാകുന്നു.
കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍
നിങ്ങളുടെ നേരെ ഒരു ചരല്‍ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍
യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍
നിര്‍ഭയരായിരിക്കുകയാണോ?
അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് ( കടലിലേക്ക് )
തിരിച്ച് കൊണ്ട് പോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു
തകര്‍പ്പന്‍ കാറ്റയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍
മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ടി നമുക്കെതിരില്‍
നടപടി എടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി
നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം
വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം
നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ
ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.
എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (
ശ്രദ്ധേയമാകുന്നു. ) അപ്പോള്‍ ആര്‍ക്ക് തന്‍റെ ( കര്‍മ്മങ്ങളുടെ ) രേഖ തന്‍റെ
വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം
വായിച്ചുനോക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.